Total Pageviews

Saturday 22 December 2012

കാ.. കാ കൂ.. കൂ

ഈ കവിത http://malayalikuttikku.blogspot.in/ എന്ന ബ്ലോഗിലേയ്ക്കു മാറ്റിയിരിക്കുന്നു. അസൗകര്യം ക്ഷമിക്കുമല്ലോ?



Saturday 10 November 2012

തമാശക്കവിത

കുഴപ്പായി

കപ്പ പുഴുങ്ങി ഉപ്പായി
കപ്പയിലപ്പിടി ഉപ്പായി
കപ്പ വിളമ്പിയിരുപ്പായി
അപ്പനറിഞ്ഞു കുഴപ്പായി.


Sunday 28 October 2012

ടീച്ചറിന് ഒന്നുമറിയില്ല

ഒന്നാം ക്ലാസിലെ ഓമനടീച്ചറി-
നൊന്നുമറിയില്ല കഷ്ടമമ്മേ!
ആനയ്ക്കു നിറമെന്തെന്നറിയാത്ത ടീച്ചർക്കു
ഞാനാണു ചൊല്ലിക്കൊടുത്തതിന്നുത്തരം.



Friday 5 October 2012

ഉപ്പായിക്കു വിശപ്പില്ല




പ്പായിച്ചേട്ടനു തെല്ലും വിശപ്പില്ല
എപ്പോഴുമിങ്ങനെതന്നെ പാവം!
നേരം വെളുത്തിട്ടിങ്ങന്തിയാകും വരെ
കാര്യമായൊന്നും കഴിച്ചതില്ല.

കാലത്തരക്കലം കഞ്ഞിമാത്രം മോന്തി

പത്തുമണിക്കു പത്തിഡ്ഡലിയും
ഉച്ചയ്ക്കു മുന്പൊരു ചക്കപ്പഴം തിന്നു
ചക്ക പഴുങ്ങിയടിക്കും മുന്പേ.
ഊരിലെ കല്യാണസദ്യയുണ്ടിട്ടിങ്ങു
പോരും വഴിക്കു രണ്ടേത്തപ്പഴം,
പച്ചക്കറി വാങ്ങാൻ ചന്തയിൽ ചെന്നപ്പം
തഞ്ചത്തിൽ കിട്ടിയ പൂവൻപഴം,
നാലുമണിക്കു നല്ലോലനും കൂട്ടീട്ടു
നാഴിയരിയുടെ ചോറുമുണ്ടു.

ഇത്രയും മാത്രം കഴിച്ചിട്ടു വീടിൻറെ

ഉമ്മറത്തുപ്പായി ചിന്തിച്ചിരിപ്പായി
വല്ലതും കാര്യമായ് തിന്നണന്നുണ്ടേലും
തെല്ലും വിശപ്പില്ലേലെന്തു ചെയ്യും?


Saturday 29 September 2012

കഥ കേട്ടോ! മാളോരേ!


കുഴിയാനക്കുഴിയില്‍ വീണൊരു 
വലിയാനക്കൊമ്പനെയിന്നലെ
വഴിപോക്കരെറുമ്പുകള്‍ ചേര്‍ന്നൊരു 
പനനാരില്‍ കെട്ടിവലിച്ചി-
ട്ടെലിമാളക്കൊട്ടിലിലാക്കിയ
കഥ കേട്ടോ! മാളോരേ!

(കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട്  ഈയിടെ പ്രസിദ്ധീകരിച്ച കഥ കേട്ടോ മാളോരേ! എന്ന എൻറെ കവിതാ സമാഹാരത്തിലെ ശീർഷകകവിത)

Monday 24 September 2012

മിണ്ടാതിരിയെട! ചെണ്ടേ!

മിണ്ടാതിരിയെട! മിണ്ടാതിരിയെട!
ചെണ്ടേ നിന്നെ തല്ലും ഞാൻ
തല്ലാതിരിയെട! തല്ലാതിരിയെട!
തല്ലുംതോറും മിണ്ടും ഞാൻ.

Sunday 16 September 2012

എന്തുണ്ടു കാക്കേ!


എന്തുണ്ടു കാക്കേ!
ന്തുണ്ടു കാക്കേ! വിശേഷങ്ങൾ
കൂട്ടിലങ്ങെല്ലാർക്കുമിപ്പോൾ
സുഖം തന്നെയല്ലയോ?
കൂട്ടിലെന്തോന്നു വിശേഷമെൻ മക്കൾക്കു
കൂട്ടിവായിക്കാനറിയില്ല കഷ്ടമേ!
അക്ഷരം ചൊല്ലിക്കൊടുത്തു മടുത്തു ഞാൻ
രക്ഷയില്ലെന്തോന്നു ചെയ്യേണ്ടു ഞാനിനി
കാ കാ യെന്നോതുമൊരുത്തനന്നേരത്തു
കൂകൂയെന്നോതുന്നു മറ്റൊരുത്തി

Saturday 25 August 2012

പാവം! പാവ!


പാവം! പാവ!

ണ്ടോ എന്റെ പാവ?
എന്തു നല്ല പാവ
കണ്ടാൽ കൊതി തോന്നും
മിണ്ടില്ലയ്യോ! പാവം!

Friday 15 June 2012


അയ്യയ്യയ്യാ! നെയ്യപ്പം




യ്യയ്യയ്യാ! നെയ്യപ്പം

തിന്നാതയ്യോ വയ്യിപ്പം

തിന്നാലുടനെ ഞാനിപ്പം

ചെയ്യാം വേലകൾ നിന്നൊപ്പം


എന്നാൽ പിടിയെട! നെയ്യപ്പം

മതിയാവോളം തിന്നിപ്പം
തിന്നു കഴിഞ്ഞി‌ട്ടെന്നൊപ്പം 
ചെയ്യട! വേലകൾ നീയിപ്പം



അയ്യയ്യയ്യോ! നെയ്യപ്പം

എല്ലാം തിന്നു കഴിഞ്ഞപ്പം

വയറു നിറഞ്ഞൊരു വല്യപ്പം

ഒന്നും ചെയ്യാൻ വയ്യിപ്പം.

Wednesday 23 May 2012


മുത്തശ്ശിക്കഥ

ടുതലയുള്ളൊരു മുത്തശ്ശി
വടിയും കുത്തി വടക്കോട്ട്
വട തിന്നാനൊരു കൊതിയുണ്ട്
വഴിയെന്തൊറ്റ പല്ലില്ല
കൊട്ടിയടച്ചൊരു ചെവിയാണേ
വെടി പൊട്ടിച്ചാലറിയില്ല
വെടി പറയുന്നൊരു നാവുണ്ടേ
അതു പറയാനൊരു മടിയില്ല
കുട്ടികളൊരുപിടി പിന്നാലെ
മുട്ടിയുരുമ്മി നടപ്പുണ്ടേ
കുട്ടികൾ ചുറ്റുമിരുന്നാൽ കഥയുടെ
കെട്ടഴിയും ചിരിമുത്തുതിരും.



ആനച്ചന്തം

മ്പനൊരാന നടന്നു വരുന്നേ
കൊമ്പുകള്‍  രണ്ടുണ്ടേ
കുമ്പ കുലുക്കി നടന്നു വരുന്നേ
തുമ്പിക്കരമുണ്ടേ
അമ്പട ഞാനേ! പാപ്പാനങ്ങനെ
മുമ്പില്‍ നടപ്പുണ്ടേ!
മ്പമൊടാനച്ചന്തം കാണാൻ
നല്ല തിരക്കുണ്ടേ!




Sunday 20 May 2012


ചന്നം പിന്നം മഴ പെയ്തപ്പോൾ

ന്നം പിന്നം മഴ പെയ്തപ്പോൾ
ചിന്നമ്മൂനൊരു  പനി വന്നു.
പിന്നെപ്പിന്നെ പനി പോയപ്പോൾ
തൊല്ല പിടിച്ചൊരു ചുമയായി.
പനിയും ചുമയും പോയപ്പോളോ?
സ്കൂളിൽ പോകാൻ മടിയായി.

Saturday 19 May 2012

തേങ്ങയും മാങ്ങയും

തേങ്ങ പറഞ്ഞെൻറെ മാങ്ങേ!
തെങ്ങേന്നു ഞാനൊന്നു വീണു
മാങ്ങ പറഞ്ഞെൻറെ തേങ്ങേ!
ഏറു കൊണ്ടയ്യോ! ചതഞ്ഞു
തേങ്ങയും മാങ്ങയും തങ്ങളിൽ തങ്ങളിൽ
ഓരോന്നു ചൊല്ലി കരഞ്ഞു
തേങ്ങയിരുന്നങ്ങു തേങ്ങുന്ന നേരത്തു
മാങ്ങയിരുന്നോണ്ടു മോങ്ങി.
പട്ടം

വാനിൽ ചരിക്കുന്ന വാലുള്ള പട്ടം 
ചേലിൽ പറക്കുന്ന നൂലുള്ള  പട്ടം 
കാറ്റിലങ്ങേറി കുതിക്കുന്ന പട്ടം
ആലോലമാടി കളിക്കുന്ന പട്ടം
താഴത്തു നിന്നും വലിക്കുന്ന നേരത്തു
നൂലറ്റുപോയാൽ  കുഴങ്ങുന്ന പട്ടം.







തറ തറ തറ തറ


വളകൾ ചേർന്നു പറഞ്ഞിടുമൊരു പദ-
മറിയാമെങ്കിൽ പറ പറ പറ പറ
തവളകൾ തെരു തെരെയുരുവിടുമൊരു പദ-
മതു പറയാം ഞാൻ തറ തറ തറ തറ
കാശിയാത്ര


പ്പൂപ്പൻതാടീ! നീ എങ്ങട്ടു പോണു?
ഇപ്പം വരാം ഞാൻ കാശിക്കു പോണു
കാശില്ലാതെങ്ങനെ കാശിക്കു പോകും?
വീശുന്ന കാറ്റെന്നെ കൊണ്ടുപോകും.

Tuesday 8 May 2012

മിണ്ടാതിരിയെട!

മിണ്ടാതിരിയെട! മിണ്ടാതിരിയെട!
ചെണ്ടേ! നിന്നെ തല്ലും ഞാൻ.
തല്ലാതിരിയെട! തല്ലാതിരിയെട!
തല്ലും തോറും മിണ്ടും ഞാൻ.

Saturday 7 April 2012


പാവം കാട്ടാന!

കാട്ടിലെ കാട്ടാന 
കൂട്ടം പിരിഞ്ഞിട്ടു 
കുഴിയില്‍ പതിച്ചിട്ടു 
താപ്പാനകള്‍ ചേര്‍ന്ന് 
വക്കകള്‍ കെട്ടീട്ട് 
കെട്ടീവലിച്ചിട്ടു 
കൂച്ചുവിലങ്ങിട്ടു 
കൊട്ടിലില്‍ കൊണ്ടിട്ടു 
കെട്ടിയാല്‍ പിന്നവ-
നെന്തോന്നു കാട്ടാന?

Sunday 1 April 2012

         ആന വരുന്നേ!


അ ... ആ ..... ആന വരുന്നേ!
ഇ  ... ഈ .... ഈ വഴി തന്നെ 
ഉ  .... ഊ ..... ഊരുണ്ടെങ്കില്‍ 
എ .... ഏ ..... ഏലേലയ്യാ!
ഒ  .... ഓ  ..... ഓടിക്കൊളിന്‍!